ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ടീസര്‍ പുറത്തിറങ്ങി. ഫാമിലി എൻടർടെയിനറാകും സിനിമ എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും അദ്ദേഹത്തിൻ്റെ മകൻ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു.
മീനയാണ് മോഹൻലാലിൻ്റെ ഭാര്യയായി അഭിനയിക്കുന്നത്. മോഹൻലാലിൻ്റെ നർമരംഗങ്ങളാണ് ടീസറിൻ്റെ ആകർഷണം. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍, സജീവ് പാഴൂര്‍ എന്നിവരുടേതാണ് രചന. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്റ്റ് റിലീസ് ആണ് ചിത്രം. റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ലാലു അലക്സ്, കനിഹ, കല്യാണി പ്രിയദർശൻ, സൗബിൻ ഷാഹിർ, ഉണ്ണി മുകുന്ദൻ, മല്ലിക സുകുമാരൻ, ജാഫർ ഇടുക്കി, ജഗദീഷ്, നിഖില വിമല്‍, കാവ്യ എം ഷെട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ലൂസിഫറിന്‍റെ തുടര്‍ച്ചയായ എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വി രണ്ടാമതായി സംവിധാനം ചെയ്യാനിരുന്നതെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് താരതമ്യേന പരിമിതമായ സാഹചര്യങ്ങളില്‍ പൂര്‍ത്തിയാക്കാനാവുന്ന ഒരു ചിത്രം വന്നപ്പോള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
















