ആലപ്പുഴ: സി.പി.എം. ആലപ്പുഴ നോർത്ത് ഏരിയാ സമ്മേളനത്തിൽ തർക്കം. ഇതേത്തുടർന്ന് സമ്മേളനം താത്കാലികമായി നിർത്തിവെച്ചു. സമ്മേളന പ്രതിനിധികൾ ചേരിതിരിഞ്ഞ് തർക്കത്തിലേക്കും ആരോപണങ്ങളിലേക്കും കടന്നതോടെയാണ് സമ്മേളനം താൽകാലികമായി നിർത്തിവെച്ചത്.
സമ്മേളനത്തിൽ പി.പി. ചിത്തരഞ്ജനെതിരെ ചില ആരോപണങ്ങൾ പലഭാഗങ്ങളിൽനിന്നും ഉയർന്നു. തുടർന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ ഇടപെടുകയും വ്യക്തിപരമായ ആരോപണങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കാൻ പാടില്ലെന്ന് നിർദേശം നൽകുകയും ചെയ്തു. എന്നാൽ വീണ്ടും ചിത്തരഞ്ജനെതിരെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് സമ്മേളനം താൽക്കാലികമായി നിർത്തിവെച്ചത്.
ആലപ്പുഴയിൽ രണ്ടുചേരികളായുള്ള വിഭാഗീയത ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ തുടങ്ങിയതാണ്. ഇത് കയ്യേറ്റത്തിലേക്കും വീടുകയറി ആക്രമണത്തിലേക്കുംവരെ എത്തിയിരുന്നു.

















