കോഴിക്കോട് : ഭൂപരിധി നിയമം ലംഘിച്ച് പി വി അൻവർ ( PV Anvar mla) എംഎൽഎ ഭൂമി കൈവശംവച്ചെന്ന പരാതിയിൽ റവന്യു വകുപ്പ് നടപടി തുടങ്ങി. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കോഴിക്കോട് ലാൻറ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ നടപടികൾ ആരംഭിച്ചത്. നടപടി വൈകുന്നതിനെതിരെ പരാതിക്കാരൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി.
മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മയാണ് പി വി അൻവർ എംഎൽഎയും കുടംബവും ഭൂപരിധി ചട്ടം ലംഘിച്ച് ഭൂമി കൈവശം വച്ചെന്ന പരാതിയുമായി ആദ്യം രംഗത്തെത്തിയത്. മലപ്പുറം, കോഴിക്കോട് കലക്ടർമാർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ പിവി അൻവറും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള ഭൂപരിഷ്കരണ നിയമപ്രകാരം അൻവറിനെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ ലാൻഡ് ബോർഡ്, താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാന് നിർദ്ദേശവും നൽകി. എന്നാൽ ഉത്തരവ് മൂന്ന് വർഷമായിട്ടും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി വിവരാവകാശ കൂട്ടായ്മ കൺവീനർ കെ വിഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ആറു മാസത്തിനകം താമരശേരി ലാൻഡ് ബോർഡ് ചെയർമാൻ, താമരശേരി അഡീഷണൽ തഹസിൽദാർ എന്നിവർ മിച്ച ഭൂമി കണ്ടുകെട്ടൽ നടപടി പൂർത്തീകരിക്കണമെന്ന് കഴിഞ്ഞ മാർച്ച് 24ന് കോടതി ഉത്തരവിട്ടു. എട്ടുമാസമായിട്ടും ഈ ഉത്തരവും നടപ്പാക്കാത്തതിനെ തുടർന്ന് കെ വി ഷാജി ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ജനുവരി നാലിനുള്ളിൽ നടപടിയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പ്രളയം, കൊവിഡ് തെരഞ്ഞെടുപ്പുകൾ എന്നിവ കാരണമുണ്ടായ താമസമാണ് കോടതിയലക്ഷ്യമുണ്ടാകാൻ കാരണമെന്നാണ് ലാൻറ് ബോർഡ് ചെയർമാൻ അൻവർ സാദത്ത് പറയുന്നത്. അതേസമയം രേഖകളുമായി കഴിഞ്ഞ ദിവസം ഹാജരാകാൻ ലാൻറ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ ഉത്തരവിട്ടിട്ടും പി വി അൻവർ എംഎൽഎയോ പ്രതിനിധികളോ ഹാജരായില്ല.

















