തിരുവനന്തപുരം: ഒമിക്രോൺ കേസുകൾ പ്രതിദിനം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും ജാഗ്രത കടുപ്പിക്കുന്നു. കോവിഡ് സാഹചര്യം പരിഗണിച്ച് ജനുവരി രണ്ടുവരെ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണം കൂടുതൽ ദിവസത്തേക്ക് നീട്ടുന്നകാര്യം പരിഗണനയിലാണ്. എന്നാൽ, രാത്രി പത്തിന് ശേഷമുള്ള നിയന്ത്രണംകൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്നാണ് പൊതു വിലയിരുത്തൽ. പകൽനേരങ്ങളിലെ കൂടിച്ചേരലുകൾ ഒഴിവാക്കുകയും അവിടെ ജാഗ്രത കൂട്ടണമെന്നുമാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് ഡൽഹിക്ക് പുറമെ ഏഴ് സംസ്ഥാനങ്ങളിൽ ജാഗ്രത കൂട്ടണമെന്ന നിർദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട്. അതിെൻറ തുടർച്ചയായാണ് കേരളവും മുൻകരുതൽ നടപടികളിലേക്ക് കടക്കുന്നത്. സംസ്ഥാനത്ത് ഹൈറിസ്ക് രാജ്യങ്ങളില്‍നിന്ന് വന്ന 30 പേര്‍ക്കും ലോറിസ്ക് രാജ്യങ്ങളില്‍നിന്ന് വന്ന 25 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. എട്ടുപേരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

















