കൊച്ചി: പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സഹോദരി ജിത്തുവിനായി ലുക്കൗട്ട് നോട്ടിസ്. വിസ്മയയുടെ സഹോദരി ജിത്തു സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് പോലീസിൻ്റെ നടപടി. സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. തീപ്പൊള്ളലേറ്റു മരിച്ചത് മൂത്ത സഹോദരി വിസ്മയ(25) ആണെന്ന് കഴിഞ്ഞദിവസം തിരിച്ചറിഞ്ഞിരുന്നു.
സംഭവത്തിൽ സഹോദരിയുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കഴിഞ്ഞദിവസം വൈകീട്ടു മൂന്നു മണിയോടെയാണ് പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദൻ്റെ വീടിനു തീപിടിച്ചത്. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്താണു സംഭവം. 3 മണിയോടെ വീടിനകത്തു നിന്നു പുക ഉയരുന്നതു കണ്ട അയല്‍വാസികളാണു വിവരം പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും നഗരസഭാധികൃതരെയും അറിയിച്ചത്.
പോലീസും ഫയര്‍ഫോഴ്‌സും എത്തിയപ്പോള്‍ വീടിൻ്റെ ഗേറ്റ് അകത്തു നിന്നു പൂട്ടിയ നിലയിലും മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലുമായിരുന്നു. വീടിൻ്റെ 2 മുറികള്‍ പൂര്‍ണമായി കത്തി നശിച്ചു. അതില്‍ ഒന്നിലാണു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പൂര്‍ണമായി കത്തി തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. സംഭവത്തിന് പിന്നാലെ ജിത്തുവിനെ കാണാതാവുകയായിരുന്നു.
സിസിടിവിയില്‍ ജിത്തുവിൻ്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ജിത്തുവിന് സ്വന്തമായി ഫോണില്ല. വിസ്മയയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. ജിത്തുവിൻ്റെ(22) കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വൈപ്പിന്‍ എടവനക്കാട് ലൊക്കേഷന്‍ കാണിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ആ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ഫോണ്‍ ഓഫായതിനാല്‍ ജിത്തുവിനെ കണ്ടെത്താനായില്ല. വീടിൻ്റെ കട്ടിളപ്പടിയിലും മറ്റും രക്തത്തുള്ളികള്‍ കണ്ടതാണ് മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്.
യുവതികള്‍ തമ്മില്‍ പിടിവലി നടന്നതിൻ്റെ ലക്ഷണമാകാം ഇതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ഇതില്‍ വ്യക്തത വേണമെങ്കില്‍ ജിത്തുവിനെ കണ്ടെത്തേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്. മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പൊള്ളലേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിസ്മയയുടെ ശരീരത്തില്‍ നിന്ന് മരണകാരണമായതോ മറ്റോ മുറിവുകള്‍ കണ്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

















