ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഝാന്‍സി റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റി യോഗി ആദിത്യനാഥ് സർക്കാർ. റാണി ലക്ഷ്മിബായിയോടുള്ള ആദരസൂചകമായി അവരുടെ പേരാണ് നല്‍കിയത്. വീരാംഗന ലക്ഷ്മിബായി എന്നാണ് ഝാന്‍സി റെയില്‍വേ സ്റ്റേഷന്റെ പുതിയ പേര്. കേന്ദ്രസര്‍ക്കാരിൻ്റെ അനുമതിയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റിയത്. യോഗി ആദിത്യനാഥ് തന്നെയാണ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പേരുമാറ്റം അറിയിച്ചത്.
യുപി സർക്കാർ പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം റെയിൽവേ സ്റ്റേഷന്റെ പേരുമാറ്റാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചുവെന്ന് നോർത്ത് സെന്‍റട്രൽ റെയിൽവേ പി ആർ ഒ ശിവം ശർമ്മ അറിയിച്ചു. നേരത്തെ മുഗള്‍സരായി റെയില്‍വേ സ്റ്റേഷൻ്റെ പേരും സമാനമായി മാറ്റിയിരുന്നു. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സ്റ്റേഷന്‍ എന്നാണ് പുതിയ പേര്.
റെയില്‍വേ സ്റ്റേഷൻ്റെ മാത്രമല്ല, ജില്ലകളുടെ പേരും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. അലഹാബാദ് ഇപ്പോള്‍ പ്രയാഗ് രാജ് എന്നാണ് അറിയപ്പെടുന്നത്. ഫൈസാബാദിൻ്റെ പുതിയ പേര് അയോധ്യ എന്നാണ്. സുല്‍ത്താന്‍പൂര്‍, മിര്‍സാപൂര്‍, അലിഗഡ്, ഫിറോസാബാദ്, മെയിന്‍പുരി എന്നിവയുടെ പേരുമാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്.
















