ജനീവ: ലോകത്ത് പലയിടങ്ങളിലും കോവിഡ് “സൂനാമി’ ഉണ്ടാകാമെന്ന് ലോകാരോഗ്യസംഘടനയുടെ മേ ധാവി. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ മൂലം രോഗികളുടെ എണ്ണം കുതിച്ചുയരും. ആരോഗ്യസംവിധാനങ്ങള്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ത്തന്നെ മന്ദഗതിയില്‍ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും. ആശുപത്രിയില്‍ ആകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്നതിനും കാരണമാകും. ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരുമെന്നും ഡബ്ലിയു എച്ച് ഒ മേധാവി പറഞ്ഞു.
അതേസമയം ഇന്ത്യയിലും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരികയാണ്. നിലവില്‍ രോഗികളുടെ എണ്ണം 900-ത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കോവിഡിന്റെ കൂടുതല്‍പേരെ ബാധിക്കുന്ന വകഭേദമായി ഒമിക്രോണ്‍ ഉടന്‍ മാറുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ ആഫ്രിക്ക ഒഴികെയുള്ള മറ്റു ഭൂഖണ്ഡങ്ങളിലെല്ലാം വ്യാപകമായ കോവിഡ് വകഭേദം ഡെല്‍റ്റയാണെന്ന് സിംഗപ്പുരില്‍നിന്നുള്ള വിദഗ്ധരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
















