തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ആരംഭിക്കുന്ന രാത്രികാല നിയന്ത്രണത്തിൽ നിന്ന് ശബരിമല ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഡിസംബർ 30 രാത്രി മുതൽ ജനുവരി 2 വരെയുളള നിയന്ത്രണങ്ങളിൽ നിന്നാണ് ശബരിമല ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കിയത്.
പുതുവത്സരാഘോഷങ്ങൾ കൂടി കണക്കിലെടുത്താണ് നിയന്ത്രണം. ഇന്ന് മുതൽ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയംസാക്ഷ്യപത്രം കരുതണം.ദേവാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി 10 മുതൽ രാവിലെ 5 വരെ അനുവദിക്കില്ല. അനാവശ്യ യാത്രകൾ അനുവദിക്കില്ല. വാഹനപരിശോധന ശക്തമാക്കും. ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും.

















