ശ്രീനഗർ: ജമ്മു കാഷ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ആറ് ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. അനന്ത്‌നാഗ് ജില്ലയിലും കുൽഗാം ജില്ലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ രണ്ട് പേർ പാക്കിസ്ഥാനിൽ നിന്നെത്തിയവരാണെന്ന് കാഷ്മീർ ഐജിപി അറിയിച്ചു.
അതേസമയം തെക്കൻ കശ്മീരിലെ രണ്ട് ജില്ലകളിൽ പ്രത്യേക ഭീകരവിരുദ്ധ ഓപറേഷനുകള്‍ ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു.അനന്ത്‌നാഗിലെ നൗഗാം മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അനന്ത്‌നാഗ് ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ, കുൽഗാം ജില്ലയിലെ മിർഹാമ ഗ്രാമത്തിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപറേഷനിലാണ് ഭീകരവാദികള്‍ സുരക്ഷാസേനക്ക് നേരെ വെടിയുതിര്‍ത്തത്.
















