കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹരജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച പ്രതികൾ ചിത്രീകരിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. കൂടാതെ ഒന്നാം പ്രതിയായ സുനിൽ കുമാറുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്ര കുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം തുടർ അന്വേഷണത്തിന് നടപടികൾ തുടങ്ങിയത്. കേസിൽ ഫൈനൽ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ വിചാരണ നടപടികൾ നിർത്തണമെന്നും അപേക്ഷയിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

















