ജനീവ: ‘കോവിഡ് സുനാമി’ ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളുടെ വ്യാപനം മൂലം രോഗികളുടെ എണ്ണം കുതിച്ചുയരും ആരോഗ്യസംവിധാനങ്ങൾ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ട ഭീഷണിയാണ് ഡെൽറ്റ, ഒമൈക്രോൺ വകഭേദങ്ങൾ. ഇവയുടെ വ്യാപനം പുതിയ കേസുകളുടെ എണ്ണം റിക്കാർഡിൽ എത്തിക്കും. ആശുപത്രികളിൽ എത്തുന്നവരുടേയും മരണങ്ങളുടെയും വർധനവിന് ഇതു കാരണമാകും.
ഇപ്പോൾത്തന്നെ മന്ദഗതിയിൽ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും. ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്തവരിൽ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെഡ്രോസ് പറഞ്ഞു. ഒമിക്രോൺ വകഭേദം വാക്സീൻ എടുത്തവരെയും ഒരിക്കൽ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിൽ പുതിയ കേസുകളുടെ എണ്ണം 11 ശതമാനമാണ് ഉയർന്നത്. അമേരിക്കയിൽ ഈ ആഴ്ചയിലെ രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറ്റലി, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ഫ്രാൻസിൽ ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് രോഗബാധിതർ ആയത്.
















