ന്യൂഡൽഹി: ഡൽഹിയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു. ഇന്ന് 923 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ 86 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ടിപിആർ നിരക്ക് ഇപ്പോൾ 1.29 ശതമാനമാണ്.
കഴിഞ്ഞ മെയ് മാസം 30 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഈ കാലയളവിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി കേസുകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവാണ് ഉണ്ടാകുന്നത്.
കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. സ്കൂളുകളും, കോളജുകളുമുൾപ്പെടെവിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ ഹാളുകൾ, ജിമ്മുകൾ, സ്പാകൾ എന്നിവ അടച്ചുപൂട്ടി. കടകളും മാളുകളും ഒറ്റ-ഇരട്ട അടിസ്ഥാനത്തിൽ തുറക്കാൻ അനുവദിച്ചിട്ടുണ്ട്. ഡൽഹി മെട്രോ നിലവിൽ പകുതി യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെ രാത്രി കർഫ്യൂ നിലവിലുണ്ട്.
















