കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിസി പുനർനിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടീസ് കൈപ്പറ്റാതെ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ ഹൈക്കോടതി അയച്ച നോട്ടീസ് ഗവർണർ സർക്കാരിലേക്ക് അയച്ചു. ഹൈക്കോടതി അയച്ച നോട്ടീസ് ചാൻസലർക്കാണെന്നും താൻ ഡിസംബർ എട്ട് മുതൽ ചാൻസലർ അല്ലെന്നും ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
‘വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടീസ് ഓഫീസിൽ കിട്ടി, അത് സർക്കാരിന് കൈമാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ നോട്ടീസ് ചാൻസലർക്കാണ്. എട്ടാം തീയതി മുതൽ താൻ ചാൻസലറല്ല. നോട്ടീസിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കട്ടെ.’- ഗവർണര് പ്രതികരിച്ചു.
കണ്ണൂർ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യംചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ ഹർജിയിൽ ഒന്നാം എതിർകക്ഷിയും സർവകലാശാല ചാൻസലറുമായ കേരള ഗവർണർക്ക് പ്രത്യേക ദൂതൻ മുഖേന ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് എത്തിച്ചു നൽകിയിരുന്നു.
ഗവർണർക്കുവേണ്ടി നോട്ടീസ് കൈപ്പറ്റിക്കൊണ്ടുള്ള രേഖ രാജ്ഭവൻ ഓഫീസ് ഹൈക്കോടതിക്കു കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിനെ വെട്ടിലാക്കി ഗവർണറുടെ പ്രതികരണം.
ജനുവരി 12നാണ് ഹർജിയിൽ കോടതി വാദം കേൾക്കുക. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കുള്ള നോട്ടീസ് അഡ്വക്കറ്റ് ജനറലും കണ്ണൂർ സർവകലാശാലയ്ക്കുള്ള നോട്ടീസ് സർവകലാശാലാ സ്റ്റാൻഡിംഗ് കൗൺസലും നേരിട്ട് സ്വീകരിച്ചിരുന്നു.
ചാൻസലർ സ്ഥാനം ഇനിയേറ്റെടുക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. ഇത് പലവട്ടം ആവർത്തിക്കുകയും ചെയ്തു. സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു.

















