തൃശൂർ: ആലപ്പുഴയിലെ എസ്ഡിപിഐ (SDPI) നേതാവ് ഷാനിനെ (Shan Murder Case) കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൃശൂർ കള്ളായിയിലെത്തിച്ച് തെളിവെടുത്തു. ആർ എസ് എസ് പ്രവർത്തകരായ പ്രതികൾ ഒളിവിൽ കഴിഞ്ഞ കള്ളായിയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. കൊലക്കേസിൽ കേസിൽ നേരിട്ട് പങ്കാളികളായ കെ.വി.വിഷ്ണു, കെ.യു. അഭിമന്യു, കെ.യു.സനന്ദ്, ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച തൃക്കൂർ കള്ളായി കല്ലൻകുന്നേൽ സുധീഷ് എന്ന സുരേഷ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.
ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി.ബെന്നിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ആർഎസ്എസ് നേതാവായ സുധീഷിന്റെ കള്ളായിയിലെ ബന്ധുവീട്ടിലാണ് കേസിലെ മുഖ്യപ്രതികൾ മൂന്ന് ദിവസം ഒളിവിൽ കഴിഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ഇവിടെയെത്തിച്ചത്.

















