പത്തനംതിട്ട: പോലീസ് സേനയിൽ നിർണായക ചുമതലകൾ കയ്യാളാൻ ആർ.എസ്.എസ്. ചായ്‌വുള്ളവരുടെ ശ്രമമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോലീസ് അസോസിയേഷൻ നേതാക്കൾക്ക് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് ആകാനാണ് താൽപര്യമെന്നും കോടിയേരി പറഞ്ഞു. സി.പി.എം. പത്തനംതിട്ട സമ്മേളനത്തിലെ പൊതുചർച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹത്തിന്റെ പോലീസ് വിമർശനം.
കേരള പോലീസിനെ കുറിച്ച് സി.പി.ഐ. നേതാവ് ആനി രാജ പറഞ്ഞതിനെ പരോക്ഷമായി അംഗീകരിക്കുന്നതാണ് കോടിയേരിയുടെ പ്രതികരണം. പോലീസിൽ സംഘപരിവാർ സ്വാധീനമുള്ളവർ കൂടുന്നുവെന്ന സമ്മേളനത്തിലെ പ്രതിനിധികളുടെ വിമർശനത്തെ ഉൾക്കൊള്ളുന്നത് കൂടിയാണിത്.
സി.പി.എം. അനുകൂലികളായ പോലീസുകാർക്ക് റൈറ്റർ പോലുള്ള തസ്തികകളിൽ ജോലി ചെയ്യാൻ താൽപര്യമില്ല. പേഴ്‌സണൽ സ്റ്റാഫിലേക്കാണ് അവരുടെ നോട്ടം. പാർട്ടിയിൽ വിഭാഗീയത അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളെ മാത്രം ചാരിനിൽക്കാമമെന്ന് കരുതരുത്. ചാരിനിൽക്കുന്ന മതിൽ തകർന്നാൽ താഴെ വീഴും. ജില്ലയിലെ മൂന്ന് ഏരിയാ കമ്മിറ്റികളിൽ വിഭാഗീയതയുടെ അവശിഷ്ടങ്ങളുണ്ടെന്ന പാർട്ടി സംഘടനാ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കോടിയേരിയുടെ പരാമർശം.

















