പത്തനംതിട്ട: പോലീസ് അസോസിയേഷനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോലീസ് സ്റ്റേഷനുകളിൽ റൈറ്റർ ചുമതലയടക്കം നിർണായക ജോലികൾ ആർഎസ്എസ് അനുകൂലികൾ കയ്യടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം അനുകൂലികളായ അസോസിയേഷൻകാർക്ക് ഇത്തരം ജോലികളിൽ താൽപര്യമില്ല. മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫില്‍ ചേരാനാണ് ഇവര്‍ക്ക് ഇഷ്ടം.
സ്റ്റേഷനുകളിലെ ഏറ്റവും നിർണായക ചുമതലയാണ് റൈറ്ററുടേത്. അതു ചെയ്യാൻ ആളില്ലാതെ വരുമ്പോൾ ആ ഒഴുവുകളിൽ ആർഎസ്എസ്സുകാർ കയറിക്കൂടുകയാണ്. അവർ സർക്കാർ വിരുദ്ധ നടപടികൾ ചെയ്യുന്നു. ബിജെപി അനുകൂലികൾ ബോധപൂർവമാണ് ഇടപെടൽ നടത്തുന്നത്.
ആരും ആരെയും ചാരി നില്‍ക്കേണ്ട. ചുറ്റും വലയമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. വിഭാഗീയത പുലര്‍ത്തി അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നഷ്ടപ്പെടരുത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി പാര്‍ട്ടി നേതാവ് വരുന്നത് ആദ്യമല്ല. പി കെ ചന്ദ്രാനന്ദന്‍റെ പേര് പരാമര്‍ശിച്ചായിരുന്നു കോടിയേരിയുടെ മറുപടി.
പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിൻ്റെ കേസിലും ഇത്തരത്തിലുള്ള കൈകടത്തൽ ഉണ്ടായി. ജില്ലാ പോലീസ് മേധാവിക്കെതിരെയും കോടിയേരി വിമർശനം ഉയർത്തി. ആദ്യം പറഞ്ഞതിൽ നിന്ന് എസ് പിക്ക് പിന്മാറേണ്ടി വന്നെന്നും കേസ് അന്വേഷണം ഇപ്പോൾ ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പ്രതിനിധി സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു കോടിയേരി.
കെ റെയിൽ പദ്ധതി നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. അടൂർ ഭാഗത്ത് നിന്നുള്ള പ്രതിനിധികൾ പദ്ധതി സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കെ റെയിൽ പദ്ധതിയുടെ വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തി വിതരണത്തിന് എത്തിക്കുമെന്നും എല്ലാ വീടുകളിലും പാർട്ടി പ്രതിനിധികൾ നേരിട്ടു പോയി കാര്യങ്ങൾ വിശദീകരിക്കണമെന്നും കോടിയേരി നിർദേശിച്ചു. പദ്ധതികളിൽ എതിർപ്പു വരുമ്പോൾ ഭയന്നു പിന്മാറുന്ന യുഡിഎഫിൻ്റെ നിലപാടല്ല എൽഡിഎഫിന്. അങ്ങനെ പിന്മാറിയാൽ ഒരു വികസന പദ്ധതിയും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

















