തിരുവനന്തപുരം: എം ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാനായി നിയമിക്കാനുള്ള ധാരണ വീണ്ടും ചർച്ച ചെയ്യാനൊരുങ്ങി സിപിഎം. എം ജി ശ്രീകുമാറിന്‍റെ ബിജെപി ബന്ധം ചൂണ്ടിക്കാണിച്ച് ഇടതുകേന്ദ്രങ്ങളിലടക്കം വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെയും എം ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയുടെയും ചെയർമാൻമാരാക്കാൻ ധാരണയായത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർഥിയായിരുന്ന വി മുരളീധരനൊപ്പം വേദി പങ്കിട്ടു പ്രസംഗിക്കുന്ന വിഡിയോ പ്രചരിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതുമൊക്കെ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം കടുക്കുന്നത്. നാടക കലാകാരൻമാരുടെ സംഘടനയും വിയോജിപ്പു വ്യക്തമാക്കി. നിർദേശം ചർച്ച ചെയ്തതേയുള്ളൂവെന്നും തീരുമാനം എടുത്തിട്ടില്ലെന്നുമാണു പാർട്ടി വൃത്തങ്ങൾ പറയുന്നത്. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് പരസ്യമായി എൽഡിഎഫിനു പിന്തുണ നൽകിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാനാക്കുന്നതിൽ അഭിപ്രായ വ്യത്യാസമില്ല.
കെപിഎസി ലളിതയാണ് നിലവില്‍ സംഗീതനാടക അക്കാദമി അധ്യക്ഷ. ബിജെപി അനുഭാവനിലപാടെടുത്തിട്ടുള്ള എം ജി ശ്രീകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയനോട് ശുപാര്‍ശ ചെയ്തതാരെന്ന ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ സജീവം. വിമര്‍ശനം വ്യാപകമായതോടെ തീരുമാനം പുനഃപരിശോധിക്കുന്നതിന് സിപിഎമ്മിനുമേല്‍ സമ്മര്‍ദവും ശക്തമായത്.

















