തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിൻ്റെ ചർച്ച ഇന്ന്. രാവിലെ പത്തിന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ വച്ചാണ് യോഗം. നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നാളെ സംസ്ഥാനത്ത് വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചർച്ച നടത്തുന്നത്.
ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ആനുപാതികമായി ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയർത്തിയാണ് തൊഴിലാളികൾ പണിമുടക്കിന് ഒരുങ്ങുന്നത്.
ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ടാക്‌സ് നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക, സഹായപാക്കേജുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു. ഇതിന് മുമ്പ് 2018 ഡിസംബറിലാണ് സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് ഏറ്റവുമൊടുവില്‍ കൂട്ടിയത്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ ടാക്സി നിരക്ക് ഉയര്‍ത്തിയിട്ടില്ല.

















