ന്യൂഡൽഹി: ഡല്‍ഹിയില്‍ റസിഡന്റ് ഡോക്ടേഴ്‌സുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. ആവശ്യങ്ങളില്‍ ഡോക്ടേഴ്‌സിന് രേഖാമൂലം ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. കേന്ദ്രത്തിന്റെ നിലപാട് വ്യക്തമായതോടെ സമരം തുടരണമോ എന്നത് തീരുമാനിക്കാന്‍ റസിഡന്റ് ഡോക്ടേഴ്‌സ് യോഗം ചേരുകയാണ്.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ രേഖാമൂലമുള്ള ഉറപ്പ് നൽകാൻ കഴിയില്ല എന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. ഡൽഹി പോലീസിന്റെ നടപടിയിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി പൊതുജന താൽപര്യാർത്ഥം ഡോക്ടർമാർ സമരത്തിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു.
രണ്ട് ആവശ്യങ്ങളായിരുന്നു ആരോഗ്യമന്ത്രിക്ക് മുന്നിൽ റെസിഡന്റ് ഡോക്ടർമാരുടെ പ്രതിനിധികൾ വച്ചത്. സമരക്കാരെ പോലീസ് മർദിച്ചതിൽ രേഖാമൂലമുള്ള ക്ഷമാപണം, കൗൺസിലിംഗ് എന്ന് തുടങ്ങാൻ കഴിയുമെന്ന് രേഖാമൂലമുള്ള ഉറപ്പ് എന്നിവയായിരുന്നു ഡോക്ടർമാരുടെ ആവശ്യം.
















