ആലപ്പുഴ: ബിജെപി പ്രവർത്തകൻ രഞ്ജിത്ത് ശ്രീനിവാസ് വധക്കേസില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്.ഡി.പി.ഐ പ്രവർത്തകരായ ആലപ്പുഴ വെള്ളക്കിണർ സ്വദേശി അനൂപ് അഷ്റഫ്, റസീബ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലീസ് പറഞ്ഞു. അനൂപിനെ ബാംഗ്ലൂർ നിന്നും റസീബിനെ ആലപ്പുഴയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
അനൂപ് അഷ്റഫിനെ ബംഗളൂരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത്. രഞ്ജിത്ത് കൊലക്കേസിൽ സംസ്ഥാനത്തിന് പുറത്തുനടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് മുഖ്യപ്രതികളിൽ ഒരാളായ ഇയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബൈക്കിലെത്തിയ 12 അംഗം സംഘത്തിൽ ഉൾപ്പെട്ടയാളാണിത്.
അന്വേഷണസംഘം ഇതര സംസ്ഥാനങ്ങളിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങളിൽ അന്വേഷണം തുടരുകയാണ്. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു.
12 മണിക്കൂറിനിടെയാണ് ആലപ്പുഴയില്‍ നാടിനെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍ നടന്നത്.ഡിസംബര്‍ 18 ന് വൈകീട്ടാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെ ഡിസംബര്‍ 19ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകള്‍ വീട്ടിലെത്തി വെട്ടിക്കൊല്ലുകയായിരുന്നു.

















