തിരുവനന്തപുരം: സംസ്ഥാനത്തെ തീയറ്ററുകളിൽ രാത്രി പത്തിന് ശേഷം ഇനി പ്രദർശനമുണ്ടാകില്ല. പുതുവർഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് നാല് ദിവസം സർക്കാർ രാത്രി നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് തീരുമാനം.
ഒമിക്രോണ്‍ പശ്ചാത്തലത്തിലാണ് പുതുവർഷ ആഘോഷങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം തീരുമാനിച്ചിരുന്നു.
രാത്രി 10 മുതൽ രാവിലെ 5 വരെയാണു നിയന്ത്രണങ്ങൾ. 31നു രാത്രി 10നു ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിൽ ഒരേ സമയം ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം നിലവിൽ 50 ശതമാനമാണ്. ഇതു കർശനമായി തുടരും.
പുതുവത്സരാഘോഷത്തിൽ വലിയ ആൾക്കൂട്ട സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ ജില്ലാ കലക്ടർമാർ പൊലീസ് പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേട്ടുമാരെ നിയോഗിക്കും.

















