കൊച്ചി: മോൺസൺ മാവുങ്കലിനെതിരായ കള്ളപ്പണക്കേസില്‍ സിനിമ-സീരിയൽ താരം ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. മോന്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷപരിപാടിയില്‍ ശ്രുതിലക്ഷ്മി നൃത്തം അവതരിപ്പിച്ചിരുന്നു. മുടി കൊഴിച്ചലിന് മോൻസൻ ചികിത്സ നടത്തിയതായും ശ്രുതി വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.
മോന്‍സണും ശ്രുതിലക്ഷ്മിയും തമ്മില്‍ അടുപ്പം പുലര്‍ത്തിയിരുന്നതായി ഇഡിക്ക് വ്യക്തമായിട്ടുണ്ട് എന്നാണ് വിവരം. ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളേക്കുറിച്ച് അറിയുന്നതിനുവേണ്ടിയാണ് ശ്രുതിലക്ഷ്മിയെ ചോദ്യം ചെയ്തത്. മോന്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷത്തില്‍ ശ്രുതിലക്ഷ്മി പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ നേരത്തേതന്നെ പുറത്തുവന്നിരുന്നു.
ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ എത്രമാത്രം സാമ്പത്തിക ഇടപാടുകള്‍ മോന്‍സണുമായി നടന്നിട്ടുണ്ടെന്നും എന്തായിരുന്നു ഇതിന്റെ ഉദ്ദേശമെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളേക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കും. ഈ സാധ്യതകള്‍ പരിഗണിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രുതിലക്ഷ്മിയെ ചോദ്യം ചെയ്തത്.
അതേസമയം, മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തുക്കളെല്ലാം വ്യാജമാണെന്ന സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ റിപ്പോർട്ട്. അമൂല്യമെന്നും വർഷങ്ങളുടെ പഴക്കമുണ്ടെന്നും അവകാശപ്പെട്ടിരുന്ന ടിപ്പുവിന്‍റെ സിംഹാസനവും ശിവന്‍റെ വെങ്കല വിഗ്രവുമെല്ലാം പുരാസവസ്തുവല്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
അമൂല്യമെന്ന് അവകാശപ്പെട്ടതിനെല്ലാം പത്ത് വർഷത്തെ പഴക്കം പോലുമില്ല. പുരാവസ്തുവകുപ്പ് ക്രൈം ബ്രാഞ്ചിന് നൽകിയ 35 പേജുള്ള റിപ്പോർട്ടാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്. മോൺസൺ വീമ്പിളിക്കി കാണിച്ചിരുന്ന വസ്തുക്കളുടെയെല്ലാം പടങ്ങളടക്കം ചേർത്താണ് റിപ്പോർട്ട്.

















