കണ്ണൂർ : കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനം ചോദ്യം ചെയ്തുള്ള ഹരജിയിൽ ഗവർണർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രത്യേക ദൂതൻ മുഖേനയാണ് നോട്ടീസ് നൽകിയത്. രാജ് ഭവൻ ഓഫീസ് നോട്ടീസ് കൈപ്പറ്റിക്കൊണ്ടുള്ള രേഖ ഹൈക്കോടതിക്ക് കൈമാറി. കേസിൽ ജനുവരി 12 നാണ് കോടതി വാദം കേൾക്കുന്നത്. ഗവർണർക്ക് വേണ്ടി അഡ്വക്കറ്റ് ജനറൽ ഹാജരാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ചാൻസലർ പദവി താൻ ഇനി ഏറ്റെടുക്കില്ലെന്ന് ഗവർണർ നേരത്തെ തന്നെ സർക്കാരിനെ അറിയിച്ചിരുന്നു.
സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും അതുകൊണ്ട് ചാൻസലർ പദവിയിൽ തുടരാൻ താത്പര്യമില്ലെന്നും കാട്ടി ഗവർണർ കത്തയച്ചതോടെയാണ് സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങൾ ആരംഭിക്കുന്നത്. ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ഗവർണർ ആവശ്യപ്പെടുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് സി.പി.എമ്മിൻറെ വിലയിരുത്തൽ. എന്നാൽ ഗവർണറുമായി പരസ്യപ്പോരിന് സംസ്ഥാന സർക്കാർ തയ്യാറല്ല. ഇത് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

















