യുകെയുടെ ചില മേഖലകളിലാണ് പ്രകൃതിയിലെ അത്യപൂര്‍വ പ്രതിഭാസങ്ങളില്‍ ഒന്നായ ഫോഗ് ബോ പ്രത്യക്ഷപ്പെട്ടത്. വെള്ള മഴവില്ല് എന്ന് കൂടി വിളിപ്പെരുള്ള ഈ പ്രതിഭാസം മഴവില്ലിന്‍റെ അകൃതിയില്‍ തന്നെ ആകാശത്തില്‍ അർധവൃത്താകൃതിയിലാണ് കാണപ്പെടുക. അതേസമയം മഴവില്ല് പോലെ ഏഴ് നിറം ഇതിലില്ല, മറിച്ച് പേര് സൂചിപ്പിക്കുന്നത് പോലെ വെളുത്ത നിറത്തിലാകും ഫോഗ് ബോ തെളിയുക. യുകെയിലെ നോഫോക്സ്, സഫോക്സ്, എസക്സ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഫോഗ് ബോ പ്രത്യക്ഷമായത്.
ഫോഗ് ബോയ്ക്ക് വൈറ്റ് റെയിന്‍ബോ എന്ന പേര് ലഭിക്കാൻ കാരണം കേവലം രൂപത്തിലുള്ള സാമ്യം മാത്രമല്ല. ഇവ രണ്ടും രൂപപ്പെടുന്ന പ്രക്രിയയിലും സമാനതകളുണ്ട്. പരമ്പരാഗതമായ റെയിന്‍ബോ അഥവാ മഴവില്ല് എന്നറിയപ്പെടുന്ന പ്രതിഭാസം ഉണ്ടാകുന്നത് ശാസ്ത്രലോകം റിഫ്രാക്ഷന്‍ എന്നു വിളിക്കുന്ന പ്രതിഭാസത്തിന്‍റെ ഫലമായാണ്. നേരിയ മഴയുള്ളപ്പോഴോ, അല്ലെങ്കില്‍ മഴത്തുള്ളികള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമ്പോഴോ ആണ് ഇത് സംഭവിക്കുക. സൂര്യപ്രകാശം മഴത്തുള്ളിയില്‍ തട്ടി പല ഘടകങ്ങളായി പിരിഞ്ഞ് പ്രതിഫലിക്കും. വ്യത്യസ്ത നിറങ്ങളിലാകും ഈ പ്രതിഫലനം ഉണ്ടാകുക.
ഫോഗ് ബോയും ഏതാണ്ട് ഇതേ പ്രക്രിയയിലൂടെയാണ് രൂപപ്പെടുന്നത്. എന്നാല്‍ മഴത്തുള്ളിക്കൊപ്പം പുകമഞ്ഞോ, മൂടല്‍മഞ്ഞോ മേഘമോ ഉണ്ടെങ്കില്‍ സൂര്യപ്രകാശത്തിന്‍റെ പ്രതിഫലത്തിന് ഇവ പരിമിതികള്‍ സൃഷ്ടിക്കും. ഇതോടെ മഴവില്ലിന്‍റെ ആകൃതി ആകാശത്ത് തെളിയുമെങ്കിലും പ്രതിഫലനത്തില്‍ വിവിധ നിറങ്ങള്‍ക്ക് പകരം വെള്ള നിറം മാത്രമാകും കാണാൻ കഴിയുക. ഈ സാഹചര്യത്തെയാണ് ഫോഗ് ബോ എന്നു വിളിക്കുന്നത്.
അപൂര്‍വ ദൃശ്യവിരുന്ന് ആകാശത്ത് തെളിഞ്ഞതിന്റെ സന്തോഷം ഇതിനു സാക്ഷിയായവര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ചിത്രങ്ങളടക്കം ട്വിറ്ററിലും ഇസ്റ്റഗ്രാമിലുമെല്ലാം ഫോഗ് ബോയുടെ വിശേഷങ്ങള്‍ കുറച്ച് മണിക്കൂറുകള്‍ നേരത്തേക്കെങ്കിലും നിറഞ്ഞുകവിഞ്ഞു. സാധാരണയില്‍ നിന്ന് വിഭിന്നമായി തീരമേഖലയില്‍ നിന്ന് മൂടല്‍മഞ്ഞ് ഉള്‍നാടുകളിലേക്ക് പുലര്‍ച്ചെ തന്നെ എത്തിയതാണ് ഈ ഫോഗ് ബോ രൂപപ്പെടാനുള്ള സാഹചര്യമൊരുക്കിയതെന്ന് വിദഗധര്‍ പറഞ്ഞു.