തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ പണിമുടക്കിലേക്ക്. ഡിസംബർ 30ന് സൂചനാ പണിമുടക്ക് നടത്താൻ ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ തീരുമാനിച്ചു.
ഇന്ധന വിലയും മറ്റ് ചിലവുകളും വർധിച്ചതിന് ആനുപാതികമായി നിരക്ക് വർധനയും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ പണിമുടക്കുന്നത്.
ഓട്ടോ ചാർജ് നിലവിലെ മിനിമം നിരക്കിനേക്കാൾ അഞ്ച് രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 2018 ഡിസംബറിൽ നിരക്ക് പുതുക്കിയ ശേഷം പിന്നീട് വർധനവുണ്ടായിട്ടില്ല. മൂന്ന് വർഷത്തിനിടെ ഇന്ധനവില ക്രമാതീതമായി ഉയർന്നുവെന്നും നിരക്ക് വർധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും തൊഴിലാളികൾ പറയുന്നു.
അതേസമയം, ഓട്ടോ – ടാക്സി ചാര്‍ജ് വർധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച് സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഡിസംബർ 29 ന് ചര്‍ച്ച നടത്തും. രാവിലെ 10 ന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ വച്ചാണ് ചര്‍ച്ച. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. ചാർജ് വർധിപ്പിക്കുന്നതുൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംഘടനകൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്.

















