തിരുവനന്തപുരം: കെ റെയിലിൽ ആശങ്ക പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു. വീടുകൾ കയറിയുള്ള പ്രചരണത്തിന് മുഖ്യമന്ത്രി നേരിട്ടിറങ്ങുമെന്ന് സിപിഐഎം വ്യക്തമാക്കി. സാമൂഹിക-സാംസ്‌കാരിക-വ്യാപാര രംഗത്തെ പ്രമുഖരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. എല്ലാ ജില്ലകളിലും ചർച്ചയുണ്ടാകും ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് സിപിഐഎം പറഞ്ഞു.
ഇതിന് സമാന്തരമായി സിപിഎമ്മും പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്. 2022 ജനുവരി നാല് മുതലായിരിക്കും മുഖ്യമന്ത്രി വിവിധ ജില്ലകളിലെ പൗരപ്രമുഖരുമായി സംവദിക്കുക. സംവാദത്തിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് മുഖ്യമന്ത്രി അറിയിക്കും. ഇതിലൂടെ എതിർപ്പുകളെ ഇല്ലാതാക്കാൻ സാധിക്കുമെന്നും ജനങ്ങളുടെ ആശങ്കയും സംശയങ്ങളും ദൂരീകരിക്കാൻ സര്‍ക്കാരിന് കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ പരിപാടി തിരുവനന്തപുരത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. 14 ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി കെ റെയിൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് തീരുമാനം.
എന്നാൽ എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി. വിവാദങ്ങൾ ശക്തമാകുമ്പോഴും കെ റെയിലിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കുകയാണ് സർക്കാരും സിപിഐഎം. ബിജെപി ജമായത് ഇസ്ലാമി കൂട്ടുകെട്ടിനൊപ്പമാണ് യുഡിഎഫ് എന്ന് ആക്ഷേപിച്ചാണ് സിപിഎം കോൺഗ്രസിനെ നേരിടുന്നത്. പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായി ഉയരുന്ന വിമർശനങ്ങളെ സമ്പൂർണ ഹരിത പദ്ധതിയാണെന്ന് വിശദീകരിച്ചാണ് ലഘുലേഖ ഖണ്ഡിക്കുന്നത്. ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കും. ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നാണ് വിശദീകരണം. 9314 കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ലഘുലേഖയിൽ ഉറപ്പ് നൽകുന്നു.

















