ന്യൂഡൽഹി: നീതി ആയോഗിന്റെ നാലാമത് ഹെൽത്ത് ഇൻഡെക്‌സിൽ വലിയ സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗത്തെ മൊത്തത്തിലുള്ള മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കേരളം ഒന്നാമതെത്തി. ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ. 2019 – 20 റഫറൻസ് ഇയറായി പരിഗണിച്ച് തയ്യാറാക്കിയതാണ് നാലാമത് ഹെൽത്ത് ഇൻഡെക്‌സ്. തമിഴ്‌നാടും തെലങ്കാനയുമാണ് മൂന്നും നാലും സ്ഥാനത്ത്. എന്നാൽ ആരോഗ്യ രംഗത്തുണ്ടായ മാറ്റങ്ങൾ കണക്കിലെടുത്ത് തയ്യാറാക്കിയ പട്ടികയിൽ ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്തെത്തി.
ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ മികച്ച പ്രകടനത്തിന്റെ കാര്യത്തിലും ആരോഗ്യ രംഗത്തുണ്ടായ മാറ്റങ്ങളുടെ കാര്യത്തിലും മിസോറം ഒന്നാം സ്ഥാനത്തെത്തി. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയിൽ മൊത്തത്തിലുള്ള പ്രകടനത്തിന്റെ കാര്യത്തിൽ പിന്നിലായിപ്പോയ ഡൽഹിയും ജമ്മു കശ്മീരും പ്രകടനം മെച്ചപ്പെടുത്തിയതിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തെത്തി.
കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദശാബ്ദങ്ങൾക്കിടെ ഇന്ത്യ സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ വലിയ നേട്ടം കൈവരിച്ചുവെങ്കിലും പൊതുജനാരോഗ്യ രംഗത്തെ നേട്ടങ്ങൾക്ക് ഈ വേഗം കൈവരിക്കാനായില്ലെന്ന് നീതി ആയോഗ് വെബ്‌സൈറ്റിൽ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
















