ഭോപ്പാൽ:സർക്കാർ പദ്ധതിയിൽ നിർമാണം പുരോഗമിക്കുന്ന വീട്ടിലേക്ക് ഗവർണർ എത്തിയപ്പോൾ, മധ്യപ്രദേശ് സ്വദേശി ബുധ്‌റാം ആദിവാസി മനസ്സിൽപോലും ചിന്തിച്ചിരുന്നില്ല ആ സന്ദർശനത്തിന് താൻ ‘വലിയ വില’ കൊടുക്കേണ്ടി വരുമെന്ന്. വീടിന്റെ താക്കോൽ കൈമാറി ബുധ്‌റാമിനും കുടുംബത്തിനും ഒപ്പം ഉച്ചഭക്ഷണവും കഴിച്ച് ഗവർണർ മംഗുഭായ് സി. പട്ടേൽ മടങ്ങി. ഇനിയാണ് ട്വിസ്റ്റ്. ഗവർണർ മടങ്ങിയതിന് പിന്നാലെ 14,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ ബുധ്‌റാമിന് ബിൽ നൽകുകയായിരുന്നു.
വിദിഷാ ജില്ലാസന്ദർശന വേളയിലാണ്, ബുധ്‌റാമിന്റെ നിർമാണം പുരോഗമിക്കുന്ന വീടിന്റെ ഗൃഹപ്രവേശ ചടങ്ങിന് ഗവർണറും സംഘവും എത്തിയത്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴിലായിരുന്നു ബുധ്‌റാമിന്റെ വീട് നിർമാണം. ഗവർണറുടെ സന്ദർശനത്തിന് മുന്നോടിയായി പ്രാദേശിക അധികൃതരും ഉദ്യോഗസ്ഥരും ബുധ്‌റാമിന്റെ വീടും പരിസരവും മോടി പിടിപ്പിച്ചിരുന്നു. ഇതാണ് ബുധ്‌റാമിന് പൊല്ലാപ്പായത്. അധികൃതർ ബുധ്‌റാമിന്റെ വീട്ടിൽ പുതിയ അലങ്കാര ഗേറ്റും ഫാനുകളും സ്ഥാപിച്ചു. ഗവർണറുടെ സന്ദർശനത്തിന് തൊട്ടുപിറ്റേന്ന് പഞ്ചായത്ത് അംഗങ്ങൾ വന്ന് ഫാൻ എടുത്തുകൊണ്ടുപോവുകയും ഗേറ്റിന്റെ വിലയായ 14,000 രൂപയുടെ ബിൽ അടയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഓഫീസർമാർ വന്നു. അവർ പറഞ്ഞു, ഗവർണർ ഇവിടെനിന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന്. 14,000 രൂപ വിലവരുന്ന ഗേറ്റ് സ്ഥാപിച്ചു. ഇപ്പോൾ അവർ എന്നോട് പണം അടയ്ക്കാൻ ആവശ്യപ്പെടുകയാണ്. പണം കൊടുക്കേണ്ടി വരുമെന്ന് അറിഞ്ഞിരുന്നേൽ ഗേറ്റ് പിടിപ്പിക്കാൻ സമ്മതിക്കില്ലായിരുന്നു – ബുധ്‌റാം എൻ.ഡി.ടി.വിയോടു പ്രതികരിച്ചു. പുതിയവീട്ടിലേക്ക് പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം, പാചക വാതക കണക്ഷൻ എന്ന വാഗ്ദാനവും ബുധ്‌റാമിന് ലഭിച്ചിരുന്നു. എന്നാൽ ആറുമാസം കഴിഞ്ഞിട്ടും ഇത് ലഭിച്ചിട്ടില്ല. വീടിന്റെ പണി പൂർത്തിയാകാത്തതാണ് ഇതിന് കാരണം.
















