ന്യൂയോർക്ക്: ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനിടെ ന്യൂയോർക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം ഉയരുന്നത് ആശങ്കയുണർത്തുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന 18 വയസിൽ താഴെയുള്ളവരിൽ പകുതിയിലേറെയും അഞ്ച് വയസ്സിൽ താഴെയുള്ളവരാണെന്നാണ് റിപ്പോർട്ട്.
അമേരിക്കയിൽ കോവിഡ് കേസുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ കൊവിഡ് കേസുകളുടെ കണക്കെടുത്താൽ അമേരിക്കയിലെ ശരാശരി 1.90 ലക്ഷമാണ്.
നിലവിൽ അവധി ദിന യാത്രകൾ കൂടുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിലും ബുദ്ധിമുട്ടനുഭവപ്പെടുന്നു. അടുത്ത മാസത്തോടെ അമേരിക്കയിൽ കൂടുതൽ പരിശോധനകൾ നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് വൈറ്റ് ഹൗസിൻറെ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ഉപദേഷ്ടാവ് ആന്തണി ഫൗച്ചി പറഞ്ഞു. വാക്‌സിനേഷൻ വർധിപ്പിക്കുകയെന്നതാണ് നയമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.
കോവിഡ് കേസുകൾ ക്രമാതീതമായി ഉയരാനുള്ള സാധ്യതയാണ് ഒമിക്രോൺ പിടിമുറുക്കുമ്പോൾ അമേരിക്ക നേരിടുന്ന പ്രധാന വെല്ലുവിളി. അതുകൊണ്ട് തന്നെ രോഗവ്യാപനത്തെ പിടിച്ചുനിർത്താൻ വേണ്ടുന്ന പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയാണ് പ്രധാനമെന്ന് ആന്തണി ഫൗച്ചി പറഞ്ഞു. അതേസമയം, ദക്ഷിണാഫ്രിക്കയിലും ബ്രിട്ടനിലും നടത്തിയ പഠനങ്ങൾ നൽകുന്ന സൂചനയനുസരിച്ച് ഒമിക്രോൺ ബാധിച്ചാൽ കൂടുതൽ ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുന്നില്ലെന്നും ഓക്‌സിജൻ ആവശ്യമായി വരുന്ന സാഹചര്യം കുറവാണെന്നും ഫൗച്ചി ചൂണ്ടിക്കാട്ടി.
















