തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ പ്രചാരണങ്ങൾക്ക് വീടുകയറി മറുപടി പറയാൻ സിപിഎം. വികസന പദ്ധതികളെ അട്ടിമറിക്കാൻ യുഡിഎഫ്-ബിജെപി ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ടെന്ന് ലഘുലേഖ. പദ്ധതി സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന വാദം അടിസ്ഥാനരഹിതമെന്നും സിപിഎം.
സില്‍വര്‍ലൈന്‍ സമ്പൂര്‍ണ ഹരിതപദ്ധതിയാണ്. കൃഷിഭൂമിയെ ബാധിക്കില്ലെന്നും സിപിഎം ലഘുലേഖയിൽ വ്യക്തമാകുന്നു. പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയോ വന്യ ജീവി മേഖലകളിലൂടെയോ പദ്ധതി കടന്നു പോകില്ല. കൃഷി ഭൂമിയെ കാര്യമായി ബാധിക്കില്ല. അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്നും ലഘുലേഖയിൽ വിശദീകരിക്കുന്നു.
അതേസമയം, കെ റെയിൽ പദ്ധതി വേണ്ടെന്ന് മുഷ്ക് കാണിച്ചാൽ അംഗീകരിച്ച് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാടിന് ആവശ്യമെങ്കിൽ പദ്ധതി നടപ്പാക്കും. ജനങ്ങളുടെ ന്യായമായ എതിർപ്പ് പരിഗണിക്കും. അല്ലാത്ത നിലപാടിനെ അംഗീകരിക്കില്ല. നവകേരളത്തിന് വേണ്ടിയാണ് കെ റെയിൽ പദ്ധതിയെന്നും വ്യക്തതയ്ക്ക് വേണ്ട കാര്യം സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

















