തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ഒൻപതരക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കാസർകോട് വാർത്താ സമ്മേളനത്തിലാണ് പരീക്ഷാ തീയതി പ്രഖ്യാപിക്കുക. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ പരീക്ഷ നടത്താനാണ് ആലോചന.
മുഴുവൻ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഫോക്കസ് ഏരിയയായി നിശ്ചയിച്ചിട്ടുള്ള പാഠഭാഗങ്ങളിലെ 60 ശതമാനം ഭാഗത്തുനിന്നായിരിക്കും പരീക്ഷക്കുള്ള ചോദ്യങ്ങളുണ്ടാകുക. കോവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ വൈകിത്തുടങ്ങിയതിനാലാണ് മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്താതെ പരീക്ഷ നടത്താമെന്ന തീരുമാനത്തിലെത്തിയത്. കഴിഞ്ഞ വർഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.

















