തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേരും. ഓൺലൈനായാണ് യോഗം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യം യോഗം പരിഗണിക്കും. സംസ്ഥാനത്തെ വാക്‌സിനേഷൻ ഊർജ്ജിതമാക്കാനുളള നടപടികൾ യോഗത്തിൽ ചർച്ചയാകും.
19 പേർക്ക് കൂടി സംസ്ഥാനത്ത് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയ 16 പേർക്കും സമ്പർക്കത്തിലൂടെ മൂന്നുപേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. എറണാകുളം 11, തിരുവനന്തപുരം ആറ്, തൃശൂർ, കണ്ണൂർ ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആയി.

















