ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണ്‍ വകഭേദം ആശങ്ക പടര്‍ത്തുന്നതിനിടെ 15-18 വയസുകാര്‍ക്കു ജനുവരി മൂന്നു മുതല്‍ വാക്‌സിന്‍ നല്‍കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കും 60 വയസായവര്‍ക്കും മറ്റു രോഗങ്ങളുള്ളവര്‍ക്കും ജനുവരി 10 മുതൽ മുൻ കരുതൽ ഡോസ് നൽകി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആദ്യം സ്വീകരിച്ച അതേ വാക്‌സിനാകും ബൂസ്റ്റർ ഡോസായി ലഭിക്കുക. വാക്‌സിനുകൾ സംയോജിപ്പിച്ച് ഉപയോഗിക്കുന്നത് വെല്ലൂർ മെഡിക്കൽ കോളജിൽ നടന്ന പഠനങ്ങളുടെ അന്തിമ വിശകലനത്തിന് ശേഷമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. മൂക്കിലൊഴിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനും ലോകത്തെ ആദ്യത്തെ കോവിഡ് പ്രതിരോധ ഡിഎന്‍എ വാക്‌സിനും രാജ്യത്തു വൈകാതെ നല്‍കിത്തുടങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി രാജ്യത്ത് ബൂസ്റ്റർ ഡോസിനും അനുമതി നൽകിയ കാര്യം അറിയിക്കുന്നത്. കുട്ടികൾക്കുള്ള കോവിഡ് വാക്‌സിന് ഡിസിജിഐ അനുമതി നൽകിയിരുന്നു. ഭാരത് ബയോട്ടെക്കിൻ്റെ കോവാക്‌സിനാണ് അനുമതി ലഭിച്ചത്.
ഇതോടെ ഇന്ത്യയിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ അനുമതി ലഭിച്ച രണ്ടാമത്തെ വക്‌സിനായി കോവാക്‌സിൻ. 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികളിൽ കോവിഡ് വാക്‌സിൻ നൽകുന്നത്. മുതിർന്നവരിലും ഇതേ ഇടവേളയിലാണ് വാക്‌സിൻ നൽകുന്നത്. നേരത്തെ സൈഡസ് കാഡിലയുടെ വാക്‌സിൻ 12 വയസിന് മുകളിലുള്ള കുത്തികളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചിരുന്നു.
വാക്‌സിൻ്റെ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മുതല്‍ 12 മാസം വരെ ഇടവേളയില്‍ മൂന്നാം ഡോസായി ബൂസ്‌റ്റര്‍ ഡോസ് നല്‍കാനാണു തീരുമാനം. പ്രഖ്യാപനപ്രകാരം 13 കോടിയോളം പേര്‍ ആദ്യഘട്ടത്തില്‍ ഗുണഭോക്‌താക്കളാകും. ആരോഗ്യപ്രവര്‍ത്തകരും കോവിഡ് മുന്നണിപ്പോരാളികളുമായി മൂന്നു കോടി ആളുകളുണ്ടാകുമെന്നാണ് അനുമാനം.
ഇതരരോഗങ്ങളുള്ള 60 പിന്നിട്ടവരുടെ എണ്ണം 10 കോടിയോളം വരും. ബൂസ്‌റ്റര്‍ ഡോസിന് അര്‍ഹരായവരില്‍ ബഹുഭൂരിപക്ഷവും കോവിഡ് പ്രതിരോധവാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച് ഒന്‍പതുമാസം പിന്നിട്ടവരാണ്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ആരോഗ്യരംഗത്തെ വിദഗ്‌ധര്‍ സ്വാഗതം ചെയ്‌തു. ഗൗരവമായ രോഗങ്ങളുള്ളവര്‍ക്കു ഡോക്‌ടറുടെ അഭിപ്രായം കണക്കിലെടുത്താകും ബൂസ്‌റ്റര്‍ ഡോസ് നല്‍കുക.
















