കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിട്ട് താലിബാൻ. അമേരിക്ക അടക്കം പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന കാലത്ത് രൂപീകരിച്ച തിരഞ്ഞെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ച പാനലാണ് ഇല്ലാതാക്കിയത്. താലിബാന്‍ വക്താവ് ബിലാല്‍ കരീമിയാണ് ഇക്കാര്യം അറിയിച്ചത്.
‘ഈ കമ്മീഷനുകള്‍ നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട ആവശ്യമില്ല,’ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും (ഐഇസി) സ്വതന്ത്ര തിരഞ്ഞെടുപ്പ് പരാതി കമ്മീഷനെയും പരാമര്‍ശിച്ച് സര്‍ക്കാര്‍ വക്താവ് ബിലാല്‍ കരിമി പറഞ്ഞു.
തങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു ആവശ്യം തോന്നിയാല്‍, ഇസ്‌ലാമിക് എമിറേറ്റ് ഈ കമ്മീഷനുകള്‍ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘അവര്‍ തിടുക്കപ്പെട്ടാണ് ഈ തീരുമാനമെടുത്തത്, കമ്മീഷന്‍ പിരിച്ചുവിടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും’-മുന്‍ ഭരണത്തിന്റെ പതനം വരെ പാനലിന്റെ തലവനായ ഔറംഗസീബ് എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
2006 -ലാണ് അഫ്ഗാനില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം കൊള്ളുന്നത്. കമ്മീഷന്റെ വെബ്സൈറ്റ് അനുസരിച്ച്, പ്രസിഡന്‍ഷ്യല്‍ ഉള്‍പ്പെടെ എല്ലാത്തരം തിരഞ്ഞെടുപ്പുകളും നിയന്ത്രിക്കാനും മേല്‍നോട്ടം വഹിക്കാനും അവര്‍ക്ക് അധികാരമുണ്ട്. ഇപ്പോള്‍ പാര്‍ലമെന്ററി കാര്യ മന്ത്രാലയത്തില്‍ 403 ജീവനക്കാരും സംസ്ഥാന സമാധാന മന്ത്രാലയത്തില്‍ 38 ജീവനക്കാരും ഇലക്ഷന്‍ കമ്മീഷനില്‍ 1021 ജീവനക്കാരുമുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പിരിച്ച് വിട്ട സ്ഥാപനങ്ങളിലെ ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റാനാണ് താലിബാന്റെ തീരുമാനം.
















