കണ്ണൂര്‍: പയ്യന്നൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്‌കോര്‍ട്ട് പോയ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് ശേഷമാണ് അപകടം ഉണ്ടായത്.
കണ്ണൂരിലെ പയ്യന്നൂർ പെരുമ്പയിലാണ് അപകടം. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. എസ്‌കോര്‍ട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് സ്വകാര്യ വാഹനം കയറിയതിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കാസര്‍കോട്ടെ സി.പി.എം ജില്ലാ ആസ്ഥാനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി കണ്ണൂരേക്ക് മടങ്ങവെയാണ് സംഭവം. തൊട്ടുപിന്നാലെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു.
കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് ഉണ്ടായിരുന്നു. ഇതിന് തൊട്ടുപിറകിലായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ വാഹനം, അതിന് പിറകിലായി മറ്റൊരു പോലീസ് എസ്കോർട്ട് വാഹനം എന്നിങ്ങനെ ആയിരുന്നു ഉണ്ടായിരുന്നത്. ഈ മൂന്ന് വാഹനങ്ങളാണ് ഇടിച്ചത്.
മറ്റൊരു വാഹനം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വാഹനവ്യൂഹത്തിലേക്ക് കയറുകയായിരുന്നു. ഇതേത്തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് തൊട്ടു പിന്നില്‍ ഉണ്ടായിരുന്ന വാഹനം ബ്രേക്കിട്ടു. ഇതാണ് പിന്നാലയുണ്ടായിരുന്ന വാഹനങ്ങള്‍ പരസ്പരം ഇടിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാഹനവ്യൂഹത്തിന് നേരെ ഏത് വാഹനമാണ് വന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.

















