ബംഗളൂരു:ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് കർണാടക സർക്കാർ.ഡിസംബർ 28 മുതൽ ജനുവരി എട്ട് വരെയാണ് നിയന്ത്രണം. ഒമിക്രോൺ കേസുകൾ വർദ്ധിക്കുകയും പുതിയ കൊവിഡ് ക്ളസ്റ്ററുകൾ രൂപ്പപെടുകയും ചെയ്തതിനെത്തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം മാനിച്ച് കർണാടക സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകനയോഗത്തിലാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായത്.
പുതുവത്സരത്തിനു പൊതുയിടങ്ങളിൽ ആഘോഷങ്ങളോ ഡിജെ പാർട്ടി ഉൾപ്പെടെയുള്ള വലിയ കൂട്ടങ്ങളോ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഭക്ഷണശാലകൾ, ഹോട്ടലുകൾ, പബ്ബുകൾ, റസ്റ്ററന്റുകൾ തുടങ്ങിയ ഇടങ്ങളിൽ 50 ശതമാനം ആളുകൾക്കായിരിക്കും പ്രവേശനമെന്നും മന്ത്രി പറഞ്ഞു.
















