ന്യൂഡൽഹി: വാക്സീനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരൻ്റെയും വിജയമാണെന്ന് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍. തമിഴ്നാട്ടിലെ കുന്നൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിനെയും വരുണ്‍ സിംഗിനെയും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി അനുസ്‍മരിച്ചു. ഭാരതത്തിന് വേണ്ടി പൊരുതിയ നിരവധി പേരുടെ ജീവന്‍ നഷ്ടമായെന്നും പ്രധാനമന്ത്രി പറഞ്ഞു. 84ാമത് മൻ കീ ബാത്ത് പരിപാടിയാണ് ഇന്ന് നടന്നത്. ഷോയുടെ ഈ വർഷത്തെ അവസാന എപ്പിസോഡാണിത്.
പ്രധാനമന്ത്രി ആയതിന് ശേഷം വാർത്താ സമ്മേളനങ്ങൾക്ക് പകരമായാണ് മോദി പ്രതിമാസ റേഡിയോ പ്രഭാഷണം നടത്തുന്നത്. വന്ദേമാതരം ചൊല്ലിയ ഗ്രീക്ക് വിദ്യാർഥികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ‘ഗ്രീക്ക് വിദ്യാർത്ഥികൾ ‘വന്ദേമാതരം’ പാടുന്നത് ശ്രദ്ധിച്ചു, അത് നമ്മിൽ അഭിമാനവും ആവേശവും നിറക്കുന്നു. അവരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു’-മോദി പറഞ്ഞു.
ഒമിക്രോണിനെ കരുതിയിരിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ഒമിക്രോണിനെ നേരിടാനുള്ള തയാറെടുപ്പുകളാണ് സർക്കാർ നടത്തുന്നതെന്നും കോവിഡിന്‍റെ പുതിയ വകഭേദത്തെ കീഴടക്കുക ഓരോ പൗരന്‍റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒന്നിച്ച് നിന്നു. പുതുവര്‍ഷത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു പറഞ്ഞു.
എല്ലാവരും ഒരുമിച്ച് നിന്നതിനാലാണ് മഹാമാരിയെ നേരിടാനായതെന്നും 140 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും കോവിഡ് -19 വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. അതേസമയം, കൗമാരക്കാർക്കുള്ള കോവിഡ് വാക്സീനിലും ബൂസ്റ്റർ ഡോസിലും മാർഗനിർദേശം ഇന്നിറങ്ങിയേക്കും. കുട്ടികൾക്ക് വാക്സീൻ നല്‍കി തുടങ്ങാനുള്ള തീരുമാനം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പ്രധാനമന്ത്രി അറിയിച്ചത്.
















