എറണാകുളം; കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പരസ്പരം ഏറ്റുമുട്ടുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത കേസിൽ 150 പേരെ അറസ്റ്റ് ചെയ്തു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മദ്യപിച്ച ഇവർ പരസ്പരം ഏറ്റുമുട്ടുകയും സംഘർഷം തടയാനെത്തിയ കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസുകാരുടെ ജീപ്പ് കത്തിക്കുകയുമായിരുന്നു.
ഇന്നലെ രാത്രിയോടെയാണ് ചൂരക്കോട് കിറ്റെക്സില്‍ ജോലിക്കെത്തിയ അഞ്ഞൂറിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കിയത്. ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു സംഘര്‍ഷം. തൊഴിലാളികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിന് നേരെ അക്രമികള്‍ സംഘര്‍ഷം അഴിച്ചുവിടുകയായിരുന്നു. അക്രമികള്‍ രണ്ട് പൊലീസ് ജീപ്പുകള്‍ കത്തിച്ചു. ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

















