പത്തനംതിട്ട;ശബരിമലയിൽ ഇന്ന് മണ്ഡല പൂജ. രാവിലെ 11.50 നും 1.15നും മധ്യേയാണ് മണ്ഡലപൂജ നടക്കുക. വ്രതാനുഷ്ഠാനത്തിന്റെയും ഭക്തിയുടെയും പാരമ്യത്തിലാണ് ഇന്ന് സന്നിധാനത്ത് മണ്ഡലപൂജ നടക്കുക. തങ്കയങ്കി ചാർത്തിയുള്ള അയ്യപ്പവിഗ്രഹം ദർശിക്കുന്നതിന് ഇന്നലെ മുതൽ വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ദർശനത്തിനായി എത്തുന്ന എല്ലാവർക്കും അതിനായുള്ള അവസരം നൽകുമെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി.
നാല്‍പത്തി ഒന്ന് ദിവസം നീണ്ടുനിന്ന മണ്ഡലമാസ പൂജകള്‍ക്ക് ഇതോടെ പരിസമാപ്തിയാകും.രാത്രിയോടെ അയ്യപ്പനെ യോഗദണ്ഡും ജപമാലയും ധരിപ്പിച്ച ധ്യാനമന്ത്രം ചൊല്ലിയതിനുശേഷം ഹരിവരാസനം പാടി നടയടക്കും. മകരവിളക്ക് ഉത്സവത്തിനായി 30ാം തീയതിയാകും വീണ്ടും നട തുറക്കുക. 31 ന് പുലര്‍ച്ചെ മുതലാകും ഭക്തര്‍ക്ക് ദര്‍ശനം.അതേസമയം നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതോടെ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു.

















