കൊൽക്കത്ത: കൊൽക്കത്ത മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. 21കാരനായ ഡോക്ടർ അടുത്തിടെയൊന്നും വിദേശത്തേക്കും സംസ്ഥാനത്തിനു പുറത്തേക്കും യാത്ര ചെയ്തിട്ടില്ല.
പനിയെ തുടർന്ന് ഇദ്ദേഹത്തിന്‍റെ സാമ്പിൾ കഴിഞ്ഞദിവസം പരിശോധനക്ക് എടുത്തിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് പരിശോധനഫലം പുറത്തുവന്നത്.
ഡോക്ടറെ കൊൽക്കത്തയിലെ തന്നെ ബെലെഘട്ട ആശുപത്രിയിലേക്ക് മാറ്റി. നാദിയ ജില്ലയിലെ കൃഷ്ണനഗർ സ്വദേശിയാണ് ഡോക്ടർ. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം നാലായി.ഡിസംബർ 15നാണ് പശ്ചിമബംഗാളിൽ ആദ്യ ഒമിക്രോൺ റിപ്പോർട്ട് ചെയ്യുന്നത്. അബൂദബിയിൽനിന്ന് മടങ്ങിയെത്തിയ ഏഴു വയസ്സുകാരനാണ് രോഗബാധ കണ്ടെത്തിയത്.
















