ഇരിട്ടി : വീതികൂട്ടി സിഗ്നൽ സംവിധാനം ഒരുക്കിയിട്ടും ഇരിട്ടി-പേരാവൂർ റൂട്ടിൽ പയഞ്ചേരി കവലയിൽ കുരുക്ക് ഒഴിയുന്നില്ല. നാലുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഈ കവലയിൽവെച്ചാണ് പലഭാഗങ്ങളിലേക്കായി തിരിഞ്ഞുപോകുന്നത്.
കവലയിൽ കൈയേറിയ ഭൂമികൂടി പിടിച്ചെടുത്ത് കെ.എസ്.ടി.പി. റോഡ് വികസനത്തിന്റെ ഭാഗമായി വീതികൂട്ടിയാണ് സിഗ്നൽ സംവിധാനം ഒരുക്കിയത്. വാഹനങ്ങൾ തിരിഞ്ഞുപോകാനും മറ്റും വീതിയുണ്ടെങ്കിലും ബസ് നിർത്തി ആളെ ഇറക്കുന്നതും കയറ്റുന്നതും കവലയിൽവെച്ചുതന്നെ ആയായതിനാൽ സിഗ്നൽ കിട്ടിയാലും പിറകിൽ വരുന്ന വാഹനങ്ങൾക്ക് യഥാസമയം പ്രവേശിക്കാൻ കഴിയുന്നില്ല.
നാലുഭാഗത്തേക്കുമുള്ള നിഗ്നലിന്റെ സമയം വളരെ കുറച്ചായതിനാൽ ബസുകൾ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതുമായ സമയത്താണ് കുരുക്ക് രൂപപ്പെടുന്നത്. ഇരിട്ടി ടൗൺ ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട ബസുകൾ കവലയിൽ തന്നെയാണ് യാത്രക്കാരെ ഇറക്കുന്നത്. ബസ് നിർത്തുന്ന സ്ഥലം അല്പം മുന്നോട്ട് മാറ്റിയാൽ തീരുന്ന പ്രശ്നമേയുള്ളൂ. എങ്കിലും ചിലരുടെ താത്‌പര്യം സംരക്ഷിക്കാനാണ് ബസ്‌സ്റ്റോപ്പ് മാറ്റം വൈകുന്നതെന്ന് ആരോപണം ഉയരുകയാണ്.
ഇരിട്ടിയിൽനിന്ന് പേരാവൂർ ഭാഗത്തേക്ക് പോകുന്ന ബസുകളും പേരാവൂരിൽനിന്ന് ഇരിട്ടി ഭാഗത്തേക്ക് വരുന്ന ബസുകളും പലപ്പോഴും ആളെ ഇറക്കുന്നതും കയറ്റുന്നതും കവലയുടെ സമീപത്തുതന്നെയാണ്. ഇതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്.