കൊച്ചി: യുവാവിനെ മർദ്ദിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ പോലീസിനെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ നടപടി. സംഭവത്തിൽ അഞ്ച് പേരെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ‘പിടിച്ച് അകത്തിട്ടാൽ പൊലീസിന്റെ കുടുംബത്ത് കേറി നിരങ്ങും’ എന്ന സിനിമാ സംഭാഷണവും ചേർത്തായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്.
കഴിഞ്ഞ 12 തിയതി രാത്രി മുണ്ടംപാലം സ്വദേശി റാഫിയെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങുമ്പോഴാണ് തൃക്കാക്കര പോലീസ് സ്റ്റേഷൻ്റെ വരാന്തയിലും പുറത്തുമായി വീഡിയോ ചിത്രീകരിച്ചത്. സിനിമാ സംഭാഷണവും ചേർത്ത് ഈ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച്, ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് നടപടി. മർദ്ദന കേസ് പ്രതികളായ കുഴിവേലിപ്പടി സ്വദേശികളായ മുഹമ്മദ് റംനാസ്, അയൂബ്, ഉമറുഖ് ഫാറൂഖ് എന്നിവരെയടക്കമാണ് കസ്റ്റഡിയിലെടുത്തത്. യുവാക്കൾക്കെതിരെ പോലീസിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

















