ചെറിയനാട്: വൈദ്യുതി കണക്ഷൻ കിട്ടാത്തതുമൂലം ചെറിയനാട് പഞ്ചായത്തു പരിധിയിലെ പൂമാട്ടിൽ പാടശേഖരത്തെ പുഞ്ചക്കൃഷി ഒരുക്കങ്ങൾ വൈകുന്നതായി കർഷകർ. അച്ചൻകോവിലാറിനോടു ചേർന്നുകിടക്കുന്ന 100 ഏക്കറുള്ള പാടശേഖരത്ത് 65 ചെറുകിട നാമമാത്ര കർഷകരും കർഷക തൊഴിലാളികളുമാണുള്ളത്.
എല്ലാവർഷവും നവംബർ പകുതിയോടെ കൃഷിയിറക്കി മാർച്ച് അവസാനം വിളവെടുപ്പു നടത്തുന്നതാണുപതിവ്. എന്നാൽ, ഈ വർഷം മഴമൂലം ഒരുക്കങ്ങൾ നീണ്ടുപോയിരുന്നു. അപ്രതീക്ഷിത കാലാവസ്ഥയിൽ വെള്ളം വേഗത്തിൽ ആറ്റിലേക്കിറങ്ങി. വെള്ളം തടഞ്ഞുനിർത്തുന്നതിനുള്ള ഷട്ടറും നശിച്ചു.
വെള്ളമിറങ്ങിപ്പോയതിനാൽ ട്രാക്ടറിൽ പാടശേഖരം പൂട്ടാൻ കഴിയാത്ത അവസ്ഥയാണ്.വെള്ളം കുറയുകയും എക്കൽ ധാരാളമായി അടിയുകയുംചെയ്ത സാഹചര്യത്തിൽ ട്രാക്ടറുകൾ ചളിയിൽ പുതഞ്ഞുപോവുകയാണ്. ജലസേചനത്തിനായി ഉണ്ടായിരുന്ന ലിഫ്റ്റ് ഇറിഗഷൻ പമ്പ് പ്രവർത്തിപ്പിക്കണമെങ്കിൽ കണക്ഷൻ പുനഃസ്ഥാപിക്കണം.
വെണ്മണി കെ.എസ്.ഇ.ബി. ഓഫീസിനെ സമീപിച്ചപ്പോൾ ആലപ്പുഴ ഇലക്‌ട്രിക്കൽ ഇൻസ്പക്ടറേറ്റിൽനിന്നു പരിശോധിച്ച് സർട്ടിഫിക്കറ്റു തന്നാൽമാത്രമേ കണക്ഷൻ നൽക്കാൻ കഴിയൂ എന്നറിയിച്ചതായി കർഷകർ പറയുന്നു.
വിത വൈകിയാൽ കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന നിലയിലാണു കർഷകർ. വെണ്മണിയിലെ ചില പാടശേഖരങ്ങളിലും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതുമൂലം കൃഷി വൈകുന്നുണ്ട്.
















