മലപ്പുറം: വഖഫ് നിയമന വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്. സമരത്തിൻ്റെ രണ്ടാം ഘട്ടം വരുന്ന മൂന്നാം തീയതി ചേരാനിരിക്കുന്ന ലീഗ് നേതൃയോഗം തീരുമാനിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സമസ്തയ്ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ തുടര്‍നടപടി ഇല്ലാത്തതടക്കം വിഷയങ്ങള്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ലീഗ് ഉന്നയിക്കും. സ്വന്തം നിലയ്ക്ക് തന്നെ രണ്ടാംഘട്ട പ്രതിഷേധങ്ങളും നയിക്കാനാണ് ലീഗിൻ്റെ തീരുമാനം.
സർക്കാറിൽനിന്നും ഇനിയും വ്യക്തമായ തീരുമാനം വന്നിട്ടില്ലാത്ത സാഹചര്യത്തിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. സർക്കാറിനെക്കൊണ്ട് തീരുമാനം നിയമസഭയിൽ തന്നെ പിൻവലിപ്പിക്കുന്നത് വരെ സമരം തുടരും.കോഴിക്കോട്ട് നടത്തിയ പ്രക്ഷോഭത്തിൽ വൻ ജനപങ്കാളിത്തമുണ്ടായി. മുസ്ലിം സമൂഹം ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

















