കുടുംബപ്രേക്ഷകർക്ക് പുഞ്ചിരിയോടെ കണ്ടുതീർക്കാനാകുന്ന ഒരു കുഞ്ഞു ചിത്രമാണ് ലാൽജോസ് സൗബിൻ ഷാഹിർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘മ്യാവൂ’. ചിത്രം ഒരു പ്രവാസജീവിതകഥയാണ്. പക്ഷേ കണ്ടുപരിചയിച്ച ഗൾഫ് നഗരജീവിതത്തിന്റെ ആഡംബരത്തിനുമപ്പുറം നഗരപ്രാന്തത്തിൽ ജീവിക്കുന്ന ഒരാളുടെ കുടുംബകഥയാണ് മ്യാവു പറയുന്നത്. പിതാവിന്റെ ബിസിനസ് ഏറ്റെടുത്ത് വർഷങ്ങളായി യുഎഇയിൽ റാസൽ ഖൈമയിലെ ഒരു ഗ്രാമത്തിൽ താമസമാക്കിയിരിക്കുകയാണ് ദസ്തകീർ .ദസ്തകീർ ആയി സൗബിൻ ഷാഹിർ ചിത്രത്തിലെത്തുന്നു . ഭാര്യ സുലുവും മൂന്നുമക്കളും ഒരു സുന്ദരി പൂച്ചയും ഡ്രൈവർ ചന്ദ്രനും തന്റെ കടയിലെ ജീവനക്കാരും അവരെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളും നിറയുന്നതാണ് ദസ്തകീറിന്റെ ലോകം.സുലുവായി എത്തുന്നത് മമത മോഹൻദാസ് ആണ്. കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടുചെലവുകളും കൂട്ടിമുട്ടിക്കാൻ അയാൾ പാടുപെടുന്നുണ്ട്. ദസ്തകീറിന്റെ മുൻകോപവും സുലുവിന്റെ വാശിയുമൊക്കെ ചേർന്ന് അൽപ്പം കലുഷിതമായ കുടുംബാന്തരീക്ഷത്തിൽ നിന്നുമാണ് ‘മ്യാവൂ’വിന്റെ കഥ ആരംഭിക്കുന്നത്.എല്ലാ ദാമ്പത്യബന്ധങ്ങളിലും ഉണ്ടാകുന്ന പോലെ ചെറിയൊരു വഴക്ക് അവർക്കിടയിലുണ്ടാകുന്നു. അയാളുടെ ഭാര്യ കുറച്ചുകാലത്തേക്ക് അവരുടെ സ്വന്തംവീട്ടിലേക്ക് പോകുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് മ്യാവൂ എന്ന സിനിമ രസകരമായി അവതരിപ്പിക്കുന്നത്.ഒരു പൂച്ച പഠിപ്പിക്കുന്ന ചില ജീവിതപാഠങ്ങൾ ഉള്ളതുകൊണ്ടാകണം ചിത്രത്തിന് ‘മ്യാവൂ’ എന്നുപേരിട്ടത് .
ദസ്തഖീറിനു പൂച്ചകളെ വെറുപ്പാണ് (അതിനുള്ള കാരണവും ചിത്രത്തിൽ കാണിക്കുന്നുണ്ട്). പക്ഷേ അയാളുടെ വീട്ടിൽ ഒരു പൂച്ച ഒളിച്ചുംപാത്തും താമസിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ ഈ പൂച്ച, ആ വീട്ടിലുള്ളവർക്ക് ചില തിരിച്ചറിവുകൾക്ക് കാരണമാകുന്നു.സ്ത്രീശാക്തീകരണവും പുരോഗമനവും പ്രായോഗികജീവിതപാഠങ്ങളും ചിത്രത്തിലൂടെ പറഞ്ഞുപോകുന്നു. സൗബിൻ ഷാഹിർ, ദസ്തഖീർ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയിട്ടുണ്ട്. കലുഷിതമായ കോളജ് കാലം, അരാജകത്വം നിറഞ്ഞ ബാച്ചിലർ ലൈഫ്, ഉത്തരവാദിത്തമുള്ള ഗൃഹനാഥൻ, നിലവിൽ കടന്നുപോകുന്ന മിഡ് ലൈഫ് ക്രൈസിസ്.. ഇങ്ങനെ പല ഷേഡുകളുള്ള കഥാപാത്രത്തെ അതിന്റെ ആഴത്തിൽ സൗബിൻ അവതരിപ്പിക്കുന്നു. ദസ്തഖീറിന്റെ സന്തത സഹചാരിയായ കഥാപാത്രത്തെ ഹരിശ്രീ യൂസഫും മനോഹരമാക്കിയിട്ടുണ്ട്.
കോമഡി പശ്ചാത്തലത്തിൽനിന്നു ഹൃദ്യമായ ഒരു മേക്കോവർ ആണ് . ലാൽ ജോസ് ഒരുക്കിയത്. ഗൾഫിലെ നഗരജീവിതം നിരവധി മലയാളസിനിമകൾ കാണിച്ചിട്ടുണ്ടെങ്കിലും അവിടെയുള്ള നഗരപ്രാന്തങ്ങളിലെ വ്യത്യസ്തമായ ഭൂമികയും ജീവിതവും മനുഷ്യരുമെല്ലാം മ്യാവൂവിലൂടെ പുതുമയുള്ള കാഴ്ചയായി എത്തുന്നുണ്ട്. ജീവിതത്തോടു ചേർന്നു നിൽക്കുന്ന മനുഷ്യരും കഥാപശ്ചാത്തലവും ഉള്ളതുകൊണ്ടാണ് ‘മ്യാവൂ’ എന്ന ചിത്രം ഹൃദ്യമായ ഒരു കാഴ്ചാനുഭവമാകുന്നത്. ജസ്റ്റിൻ വർഗീസിന്റെ സംഗീതം ചിത്രത്തിന് മികച്ച പിന്തുണ നൽകുന്നു. അദീഫ് മുഹമ്മദ് ആലപിച്ച ‘ഹിജാബി’ എന്ന ഗാനം സിനിമ ഇറങ്ങുംമുന്നേ ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. സൗബിനും സിനിമയിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=I5V-KqtdtrI
















