ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 415 ആയതായി ആരോഗ്യ മന്ത്രാലയം. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചു. 115 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 108 പേര്‍ക്ക്.
കേരളം ഒമിക്രോണ്‍ വ്യാപനത്തില്‍ 27 കേസുകളുമായി അഞ്ചാം സ്ഥാനത്താണുള്ളതെന്നും ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 79 കേസുകളുമായി ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഗുജറാത്ത്-43, തെലങ്കാന-38 എന്നിങ്ങനെയാണ് കണക്കുകള്‍. രോഗം സ്ഥിരീകരിച്ച 70 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ല.
അതേസമയം, 24 മണിക്കൂറിനിടെ 7189 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 77,032 പേർ ചികിത്സയിൽ കഴിയുന്നു. 387 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായവരുടെ എണ്ണം 4,79,520 ആയതായും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഒമിക്രോണ്‍ വ്യാപനത്തിനിടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസവും രാജ്യത്തെ ഒമിക്രോണ്‍ വ്യാപനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തിയിരുന്നു.
















