ബംഗളൂരു: കർണാടകയിൽ സ്കൂളിൽ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി ഹിന്ദുത്വ പ്രവര്‍ത്തകര്‍. മാണ്ഡ്യ ജില്ലയിലെ നിര്‍മല സ്‌കൂളിലെ ആഘോഷമാണ് ഹിന്ദുത്വ പ്രവർത്തകർ തടസ്സപ്പെടുത്തിയത്.
സ്കൂളില്‍ അതിക്രമിച്ചു കയറിയ ഒരു കൂട്ടം ആളുകള്‍ ക്രിസ്മസ് ആഘോഷം അലങ്കോലമാക്കുകയായിരുന്നുവെന്ന് നിർമല ഇംഗ്ലീഷ് ഹൈസ്‌കൂൾ ആൻഡ് കോളജ് ഹെഡ്മിസ്ട്രസ് കനിക ഫ്രാന്‍സിസ് മേരി പറഞ്ഞു.
സ്കൂൾ ക്രിസ്തമതം പ്രചരിപ്പിക്കുന്നെന്നും ഹൈന്ദവ ആഘോഷങ്ങൾ നടത്തുന്നില്ലെന്നും ആരോപിച്ചായിരുന്നു ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയതെന്ന് കനിക ഫ്രാൻസിസ് മേരി പറഞ്ഞു.
“ഞങ്ങൾ എല്ലാ വർഷവും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാറുണ്ട്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇത്തവണ ഞങ്ങൾ ആഘോഷം വേണ്ടെന്നു തീരുമാനിച്ചു. വിദ്യാർഥികളുടെ നിർബന്ധപ്രകാരം ചെറിയ ആഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കുട്ടികള്‍ സ്വമേധയാ പണം സമാഹരിച്ച് കേക്ക് ഓർഡർ ചെയ്യുകയായിരുന്നു. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളിലൊരാൾ എതിർത്തു”- ഹെഡ്മിസ്ട്രസ് കനിക ഫ്രാൻസിസ് മേരി പറഞ്ഞെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
വിവരം അറിഞ്ഞെത്തിയ അക്രമികൾ സ്കൂളിൽ അതിക്രമിച്ചുകയറി അധികൃതരെ ഭീഷണിപ്പെടുത്തി. ഇത്തവണ രക്ഷിതാക്കളുടെ തീരുമാനത്തിന് വിടുകയാണെന്നും ഇനിയും ഇത്തരം സംഭവം ആവർത്തിച്ചാൽ സ്ഥിതി ഇതായിരിക്കില്ലെന്നുമായിരുന്നു ഭീഷണി. സംഭവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി.
















