തിരുവനന്തപുരം: സാമൂഹ മാധ്യമങ്ങൾ വഴി വർഗീയ വിദ്വേഷം പരത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് കഴിഞ്ഞ ആറു ദിവസങ്ങളിലായി 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം റൂറല്‍ പൊലീസ് ജില്ലയിലാണ്. 14 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. മലപ്പുറത്ത് 12 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് കൂടുതൽ അറസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടില്ല.
തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ നാല്, കൊല്ലം സിറ്റി ഒന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ രണ്ട്, കോട്ടയം ഒന്ന്, തൃശൂര്‍ സിറ്റി നാല്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് അഞ്ച്, കോഴിക്കോട് റൂറല്‍ രണ്ട്, കണ്ണൂര്‍ റൂറല്‍ ഒന്ന്, കാസര്‍കോട് രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകള്‍.
സാമൂഹ മാധ്യമങ്ങൾ വഴി വർഗീയ വിദ്വേഷം പരത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദേശം നൽകി.
ഇത്തരം ചർച്ചകൾക്ക് അനുവാദം നൽകുന്ന ഗ്രൂപ്പുകളിലെ അഡ്മിൻമാരെയും കേസിൽ പ്രതിയാക്കും. സമൂഹ മാധ്യമങ്ങളിൽ നിരന്തരം നിരീക്ഷണം നടത്താൻ എല്ലാ ജില്ലകളിലേയും സൈബർ വിഭാഗത്തെ ചുമതലപ്പെടുത്തി.
വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ നിരവധി സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

















