മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളെയും പിതാവും ലീഗ് സംസ്ഥാന അധ്യക്ഷനുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളെയും പ്രതിപാദിച്ച് തമിഴ് സിനിമ. കെഎം സർജുൻ സംവിധാനം ചെയ്ത ‘ബ്ലഡ് മണി’ എന്ന സിനിമയിലാണ് ഇരുവരെയും കുറിച്ചുള്ള പരാമർശമുള്ളത്.
കുവൈറ്റിൽ ജയിലിൽ വധശിക്ഷ കാത്തു കിടന്ന തമിഴ്നാട് സ്വദേശി അത്തിമുത്തുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നടത്തിയ ഇടപെടലുകൾ ആയിരുന്നു. സിനിമയിലെ ഒരു സീനിൽ മുസ്‌ലിം ലീഗിനെയും കൊടപ്പനക്കൽ തറവാടിനെയും തങ്ങൾമാരെയും അവരുടെ പ്രവർത്തനങ്ങളെയും പേരെടുത്ത് പ്രശംസിക്കുന്നുണ്ട്.
വധശിക്ഷ ഒഴിവാക്കാനുള്ള മോചനദ്രവ്യം നൽകിയ സംഭവങ്ങളെ മുൻനിർത്തിയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. അക്കൂട്ടത്തിലൊന്ന് മുനവ്വറലി ശിഹാബ് തങ്ങൾ തമിഴ്നാട് സ്വദേശിയുടെ ജീവൻ കാക്കാൻ ഇടപെട്ട സംഭവമാണ്. 90 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം തമിഴ് ഒടിടി ഫ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
https://www.facebook.com/plugins/video.php?height=302&href=https%3A%2F%2Fwww.facebook.com%2Fmkmuneeronline%2Fvideos%2F335803358365275%2F&show_text=false&width=560&t=0
കുവൈത്ത് ജയിലിൽ മരണത്തെ മുഖാമുഖം കണ്ട് തൂക്കു കയറും കാത്ത് നിമിഷങ്ങൾ എണ്ണിയിരുന്ന തമിഴ്നാട് സ്വദേശിയുടെ കുടുംബം 2019ലാണ് സഹായം തേടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മുന്നിലെത്തുന്നത്. വധശിക്ഷ ഒഴിവാക്കാൻ മോചനദ്രവ്യമായി 25 ലക്ഷത്തോളം രൂപ വേണമായിരുന്നു. ഈ തുക എത്രയും വേഗം സംഘടിപ്പിച്ച് നൽകിയാണ് അന്ന് മുനവ്വറലി ശിഹാബ് തങ്ങൾ തമിഴ്നാട് സ്വദേശിയുടെ ജീവൻ രക്ഷിച്ചത്. വധശിക്ഷയിൽ നിന്ന് ഒഴിവായെങ്കിലും ജയിൽ ശിക്ഷ പൂർത്തിയാക്കി രണ്ട് വർഷത്തിനുള്ളിൽ ഇയാൾ ജയിലിൽ നിന്ന് ഇറങ്ങും. ഈ സംഭവത്തെ കുറിച്ചാണ് സിനിമയുടെ ഒരുഭാഗത്ത് പറയുന്നത്.
സീ 5 ഒടിടി പ്ലാറ്റ്‌ഫോമിലിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ ശങ്കർ ദോസാണ്. സതീഷ് രഘുനാഥാണ് സംഗീതം. നിരവധി പേരാണ് ചിത്രത്തിലെ ഈ ഭാഗം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

















