ആലപ്പുഴ: എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാന്‍ വധക്കേസിലെ കൊലയാളി സംഘം പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചംഗസംഘമാണ് പിടിയിലായതെന്നാണ് സൂചന. ഇവര്‍ അഞ്ചുപേരും ആര്.എസ്.എസ്. പ്രവര്‍ത്തകരാണ്.
അതുൽ, ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ത് എന്നിവരാണ് കേരളാ പൊലീസിന്റെ കസ്റ്റഡിയിലായത്. ഈ അഞ്ചുപേരാണ് കൃത്യം നിർവഹിച്ചതെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.
നേരത്തെ ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാര്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കിയ ആര്‍എസ്എസ് പ്രവര്ത്തകന് അഖിലടക്കം പിടിയിലായിരുന്നു. കാര്‍ സംഘടിപ്പിച്ച് നൽകിയ രാജേന്ദ്രപ്രസാദിനെയും രതീഷിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെത്തിയ കാർ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.
പ്രതികൾ ജില്ല വിട്ടിട്ടില്ലെന്ന് നേരത്തെ കേരളാ പൊലീസിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ വ്യാപകമായി നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികൾ വലയിലായത്. കാറിലെത്തി കൃത്യം നടത്തിയ സംഘം ആംബുലൻസിലാണ് രക്ഷപ്പെട്ടത്. ഇവർ ചേർത്തല ഭാഗത്തേക്കാണ് പോയതെന്ന് നേരത്തെ പിടിയിലായ ആംബലൻസ് ഒരുക്കി നൽകിയ അഖിൽ മൊഴി നൽകിയിരുന്നു. ഇത് കൂടി കണക്കിലെടുത്തായിരുന്നു പരിശോധന. അരൂരിൽ വെച്ചാണ് പ്രതികളിൽ മൂന്ന് പേരെ പിടികൂടിയത്. മറ്റ് രണ്ട് പേർ കൈനകരിയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയവേയാണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു. ഷാന്റെ മരണത്തിന് മണിക്കൂറുകള്‍ക്കു പിന്നാലെ ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഞായര്‍ പുലര്‍ച്ച ആറരയോടെ ഒരു സംഘം വീട്ടില്‍ക്കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

















